Saturday, October 4, 2008

കവല

ഈ ജങ്ങ്ഷന്‍ കെട്ടിപ്പൊക്കി വച്ച
ഒരു വമ്പന്‍ ഹോര്‍ഡിങ്ങുപോലെ

ശബ്ദവെളിച്ചങ്ങള്‍
ചിതറിക്കിടക്കുന്നു

എന്താ നീ ഒന്നും പറയാത്തത്‌?

അതിന്റെ ഉള്ളില്‍ കയറിയിരുന്ന്
നാം കാണുന്നു
നമ്മളെത്തന്നെ

മഴ വരും
വേനല്‍ വരും
കടല്‍ അങ്ങനെത്തന്നെ അലയടിക്കും
വീട്ടുമുറ്റത്ത്‌

ഒക്കെ ഇതിനകത്തു തന്നെ കിട്ടും
ബാല്യകാലസ്മരണയും
മാമ്പഴച്ചുനയും
കൗമാരപ്രണയവും

തിരക്കിപ്പോകേണ്ട വേറെയെങ്ങോട്ടും
എന്ന് നീ പറയുന്നു

എന്നിട്ടും

ദോശചുടുന്നതിനും
മെയില്‍ നോക്കുന്നതിനും
ഗൗരവ രചനയ്ക്കുമിടയിലൊരിടവേളയില്‍
പകലുറങ്ങിപ്പോയി
കുറച്ചു നേരം ദിവാസ്വപ്നവും കണ്ടു

അതിനാണ്‌ ബില്‍ഗേറ്റ്‌സെന്നെ
ക്ലാസ്സില്‍ നിന്ന് സോറി ബില്‍ബോര്‍ഡില്‍നിന്ന്
പുറത്താക്കിയത്‌

ഇപ്പോ നില്‍ക്കുകയാണ്‌
ഇരമ്പുന്ന ദൃശ്യസഞ്ചയങ്ങള്‍ക്കു നടുവില്‍
പറുദീസയില്‍നിന്ന് പുറത്തായവരെപ്പോലെ

പൊരിവെയിലത്ത്‌

നീ
ഓര്‍ക്കുന്നുണ്ടോ
നാലാംഗേറ്റില്‍നിന്ന് പണ്ട്‌ നമ്മള്‍ കുടിച്ച
നറുനീണ്ടി സര്‍വ്വത്തിന്റെ
നറുരുചി?
പ്രണയം പോലെ അതിന്റെ
ഇളം തണുപ്പ്‌?

No comments: